സ്വകാര്യബസിടിച്ച് ഗുരുതരമായി പരിക്കേറ്റ കോട്ടയം സ്വദേശിക്ക് ഒന്നേക്കാള്‍ കോടി രൂപയോളം നഷ്‌ടപരിഹാരം. ന്യൂ ഇന്ത്യാ ഇന്‍ഷുറന്‍സ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കിയത്. കാറില്‍ സഞ്ചരിച്ചിരുന്ന ഡോ. സുഭാഷ് ബോസിനെ എതിരെ വന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. 17 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇപ്പോള്‍ നഷ്ടപരിഹാരം ലഭിച്ചിരിക്കുന്നത്. കോട്ടയം ഗാന്ധിനഗര്‍ സൗപര്‍ണ്ണികയിലാണ് ഡോ സുഭാഷ് ബോസ് താമസിക്കുന്നത്. ഹര്‍ജിക്കാരനുവേണ്ടി അഡ്വ. വി.ബി.ബിനു, അഡ്വ. സി.എസ്. ഗിരിജ എന്നിവരാണ് ട്രൈബ്യൂണലില്‍ ഹാജരായത്.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഇ.എന്‍.ടി. അസോസിയേറ്റ് പ്രൊഫസറായി ജോലിചെയ്യുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അമിതവേഗത്തില്‍ വന്ന ബസ് മറ്റ് ചില വാഹനങ്ങളില്‍ കൂടിയിടിച്ചാണ് നിന്നത്. ബസ് ഡ്രൈവര്‍ക്കെതിരെ ഏറ്റുമാനൂര്‍ പോലീസ് ക്രിമിനല്‍ കേസും എടുത്തിരുന്നു. അപകടത്തില്‍ ഡോക്‌ടറിന് നട്ടെല്ലിനാണ് പരിക്കേറ്റത്. അപകടത്തോടെ ഡോക്‌ടറിന്റെ അരക്ക് താഴെ തളര്‍ന്നു. ജോലിക്ക് തുടരാനോ, പിന്നീട് ശാരീരിക ക്ഷമത വീണ്ടെടുക്കാനോ ഇദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, കേസില്‍ ഇന്‍ഷുറന്‍സ് കമ്പനി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഹര്‍ജിക്കാരന്റെ കോടതി ചിലവും പലിശയും ഉള്‍പ്പെടെയുള്ള തുകയാണ് ഇപ്പോള്‍ നഷ്‌ട പരിഹാരമായി വിധിച്ചിരിക്കുന്നത്.