തിരുവനന്തപുരം: ഒരു ലിറ്റർ പെട്രോൾ കൊണ്ട് 200
കിലോമീറ്റർ സഞ്ചരിക്കാവുന്ന കാറുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രംഗത്ത്.
തിരുവനന്തപുരം ബാർട്ടൺഹിൽ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലെ
വിദ്യാർത്ഥികളായ ബിബിൻ, റോണിത് സ്റ്റാൻലി, വിഷ്ണു പ്രസാദ് എന്നിവരാണ്
ഇന്ധനം ലാഭിക്കുന്ന കാർ നിർമ്മിച്ച് ശ്രദ്ധേയരായിരിക്കുന്നത്.
സൈക്കിൾ ചക്രങ്ങൾക്ക് സമാനമായ മൂന്ന് ചക്രങ്ങളുളള കാറിന് ഏകദേശം 50
കിലോഗ്രാമാണ് ഭാരം. കാറിന്റെ ഉൾഭാഗങ്ങൾ ഫൈബറിലും പോളികാർബണേറ്റിലും ഡിസൈൻ
ചെയ്ത് ത്രിഡി പ്രിന്ററിൽ നിർമ്മിച്ചെടുത്തതാണ്. ഒരാൾക്കിരിക്കാവുന്ന
രീതിയിൽ നിർമ്മിച്ചിരിക്കുന്ന കാറിൽ ഉപയോഗിച്ചിരിക്കുന്നത് ഹോണ്ടയുടെ
ജി.എക്‌സ് 35 എൻജിനാണ്. എൻജിനിലെ കാർബറേറ്ററിന് പകരം ഇവർ തന്നെ
വികസിപ്പിച്ചെടുത്ത ഇലക്ട്രോണിക് ഫ്യൂവൽ ഇഞ്ചക്ഷൻ ഉപയോഗിച്ചു. ഇത്
വാഹനത്തിന് ഇരട്ടി ബലം നൽകി. ഇതിന്റെ ഫലമായി ഇന്ധന ഉപയോഗം ഗണ്യമായി
കുറഞ്ഞതായി വിദ്യാർത്ഥികൾ പറയുന്നു.
ഫിലിപ്പൈൻസിലെ ഷെൽ ഇക്കോ മാരത്തോൺ എന്ന അന്താരാഷ്ട്ര ഇന്ധനക്ഷമതാ
മത്സരത്തിൽ പങ്കെടുക്കുന്നതിനായി ഇവരുടെ കാർ
തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. പതിനാറ് രാജ്യങ്ങളിൽ നിന്നായി 120 ടീമുകൾ
പങ്കെടുക്കുന്ന മത്സരത്തിൽ കേരളത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഏക
പദ്ധതിയാണിത്. പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇവർ നാളെ പുറപ്പെടും.
ഒരു ലിറ്റർ പെട്രോൾ കൊണ്ട് 200 കിലോമീറ്റർ സഞ്ചരിക്കാവുന്ന കാർ | energy efficient car in kerala, 200km per liter milage car in kerala, automotive news in malayalam, ;atest auto news kerala malayalam, mallu auto news