മനുഷ്യന് ഏറ്റവും മികച്ച മരുന്ന് എന്നാണ് നടത്തത്തെ ഹിപ്പോക്രാറ്റസ്
വിശേഷിപ്പിച്ചത്. ലളിതവും ചെലവില്ലാത്തതും സൗകര്യപ്രദവുമായ ഒരു ചികിത്സാ
രീതിയാണ് നടത്തം. അസുഖമുള്ളവർക്കും അസുഖമില്ലാത്തവർക്കും ഇത്
ഗുണകരമാകുന്നു. രോഗങ്ങളൊന്നുമില്ലാത്തവർക്ക് കൂടുതൽ സൗഖ്യം എന്നതാണ്
നടത്തത്തിന്റെ ഗുണം.
ജീവിത ശൈലീരോഗങ്ങൾ എന്ന് അറിയപ്പെടുന്ന ഷുഗർ, പ്രെഷർ, കൊളസ്‌ട്രോൾ,
പൊണ്ണത്തടി എന്നിവക്ക് ഡോക്ടർമാർ ഏറ്റവും കൂടുതലായി നിർദ്ദേശിക്കുന്ന
മരുന്ന് നടത്തമാണ്. മാക്‌സ് ബൂപ ഹെൽത്ത് ഇൻഷൂറൻസ് കമ്പനി അടുത്തിടെ
ഇന്ത്യയിലെ ഡോക്ടർമാർക്കിടയിൽ നടത്തിയ സർവ്വേ ഇക്കാര്യം വ്യക്തമാക്കുന്നു.
പൊണ്ണത്തടി അസുഖമുള്ള 84 ശതമാനം രോഗികൾക്കും ഡോക്ടർമാർ നിർദ്ദേശിക്കുന്നത്
നടത്തമാണ്. പ്രമേഹ രോഗികളിൽ 76 ശതമാനത്തിനും, ഉയർന്ന രക്തസമ്മർദ്ദം
ഉള്ളവരിൽ 72 ശതമാനത്തിനും കൊളസ്‌ട്രോൾ രോഗികളിൽ 65 ശതമാനത്തിനും
നിർദ്ദേശിക്കപ്പെടുന്നത് ഇതേ മരുന്ന് തന്നെ. ഹൃദ്രോഗികളിൽ 56 ശതമാനം
പേരോടും ഇന്ത്യയിലെ ഡോക്ടർമാർ ദിവസവും നടക്കാൻ ആവശ്യപ്പെടുന്നുണ്ട്.
മുംബൈയിലേയും ഡൽഹിയിലേയും ആയിരക്കണക്കിന് ഡോക്ടർമാരേയും 1000 രോഗികളേയും
പങ്കെടുപ്പിച്ച് നടത്തിയ സർവ്വേയിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
30 മിനിറ്റ് വേഗത്തിലും ഉത്സാഹത്തിലുമുള്ള നടത്തമാണ് ഭൂരിപക്ഷം
ഡോക്ടർമാരും തങ്ങളുടെ രോഗികൾക്ക് നിശ്ചയിക്കുന്നത്. പ്രഭാത സവാരിയാണ്
നടത്തത്തിന് നല്ലതെന്നും ഇവർ പറയുന്നു. ശ്വാസകോശസംബന്ധമായ രോഗങ്ങൾക്കും
എല്ലുകളുമായി ബന്ധപ്പെട്ട രോഗങ്ങൾക്കും നടത്തം വ്യാപകമായി
നിർദ്ദേശിക്കപ്പെടുന്നുണ്ട്. 56 ശതമാനം വരുന്ന ആസ്ത്മാ രോഗികൾക്കും പ്രധാന
മരുന്നായി നിർദ്ദേശിക്കുന്നത് നടത്തമാണ്. ശുദ്ധവായു ലഭിക്കുന്ന
പ്രദേശത്തുകൂടിയുള്ള നടത്തമാണ് ഇവർക്ക് നല്ലത്.
ദിവസവും 10000 ചുവടുകൾ നടന്നാൽ മേൽപ്പറഞ്ഞ അസുഖങ്ങളിൽ നിന്നെല്ലാം
അകന്ന് നിൽക്കാം എന്നാണ് വിദഗ്ദ്ധർ പറയുന്നത്. 30 വയസ് കഴിഞ്ഞവർക്ക് ജീവിത
ശൈലീ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെയേറെയാണ്. അതിനെ പ്രതിരോധിക്കാനുള്ള
മികച്ച ഔഷധം നടത്തം മാത്രമാണ്.